ന്യൂഡൽഹി: ആരവല്ലി മലനിരകളുടെ നിർവചനവും അതിർത്തിനിർണയവും സംബന്ധിച്ച കേന്ദ്രസർക്കാർ റിപ്പോർട്ട് പരിശോധിക്കാൻ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ സ്വയംഭരണാവകാശത്തിലും ഘടനയിലും ആശങ്ക പ്രകടിപ്പിച്ച് പരിസ്ഥിതി പ്രവർത്തകരും മുൻ ഉദ്യോഗസ്ഥരും രംഗത്ത്.
ഇന്ത്യൻ കൗണ്‍സിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എഡ്യുക്കേഷൻ ഡയറക്ടർ ജനറൽ കാഞ്ചൻ ദേവി തലവനായ സമിതി ഈ മാസം ആദ്യമാണ് രൂപീകരിച്ചത്.
പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്വാധീനം സമിതിയെ കാര്യമായി ബാധിക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആശങ്ക. സമിതിയിൽ വന്യജീവി സംരക്ഷണ വിദഗ്ധരുടെ അഭാവമുണ്ടെന്നും, ഖനന അനുകൂല നിലപാടുള്ളവരും മുന്‍പ് വനസംരക്ഷണ ഉത്തരവുകൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടവരും ഉൾപ്പെട്ടതായും പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ഓഗസ്റ്റ് 31നകം റിപ്പോർട്ട് നൽകാനാണു നിലവിലെ സമിതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.